Sunday, September 27, 2009

0021. എഞ്ചിനീയറുടെ മരണം

അക്കിയ - (ആള്‍ കോട്ടയം എഞ്ചിനീയേഴ്സ് അസ്സോസ്സിയേഷന്‍. ) യുടെ ലബനീസ് പ്രതിനിധി ശ്രീ. ലോതര്‍ കോളിന്‍വുഡ് തോമസ് അഥവാ ലോനപ്പന്‍ പാലാ(എഞ്ചിനീയറിങ്ങ് - ഫെയില്ഡ്) വാര്ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.

ലോസ് ഏഞ്ചലസില്‍ നിന്നും ഞങ്ങളുടെ കറസ്‌പോണ്ടന്റ്, ഉണ്ണി തൊടുപുഴ റിപ്പോര്ട്ട് ചെയ്‌തത്.

Los Angeles - Saturday, 26/09/2009 :


പ്രിയ സുഹൃത്തുക്കളേ, ഈ പറയുന്ന കാര്യങ്ങള്ക്ക്, Sherlock Holmes ഇന്റെ The Adventure of the Engineer's Thumb(എഞ്ചിനീയറുടെ വിരല്‍) എന്ന കഥയുമായി ഒരു തരത്തിലും ബന്ധമില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പത്രവാര്ത്തകള്‍ കണ്ടപ്പോഴാണ്‌ ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് എനിക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ഈ വാര്ത്തകളില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ്‌ ഒറ്റ നോട്ടത്തില്‍ തോന്നുക. 3 മരണവാര്ത്തകളാണ്‌ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ളത്.


1. പാലായ്ക്ക് സമീപം ബൈക്കില്‍ ബസ് ഇടിച്ച് പാലാ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകന്‍ മരിക്കുന്നു.

2. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ടിപ്പര്‍ ലോറി ഇടിച്ച് കാഞ്ഞിരപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

3. ചങ്ങനാശ്ശേരിയില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് പാത്താമുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

ഈ സംഭവങ്ങളില്‍ ഒരു അസ്വാഭാവികതയും നിങള്ക്ക് കാണാന്‍ സാധിക്കുന്നില്ലേ? .


"ഒന്നു ശ്രമിച്ചു നോക്കൂ.. ഇനിയും നിങ്ങള്ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലേ ?"

ഈ സംഭവങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത് മൂന്ന് എഞ്ചിനീയര്മാരാണ്. ഇതിനര്ഥം കോട്ടയം ജില്ലയിലെ എഞ്ചിനീയര്മാരുടെ സ്ഥിതി സുരക്ഷിതമല്ല എന്നല്ലേ? രഹസ്യപോലീസിന്റെ റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നത് എഞ്ചിനീയര്മാരെ വകവരുത്തുവാന്‍ വേണ്ടി മാത്രം ഒരു ഗുണ്ടാ മാഫിയ ഈ ജില്ലയില്‍ പ്രവര്ത്തിക്കുന്നുണ്ട് എന്നാണ്. കാലന്‌ ഒത്താശ ചെയ്തുകൊണ്ട് ഇവിടെ പ്രവര്ത്തിക്കുന്ന ഈ സംഘത്തിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ അധികാരികള്‍ തയ്യാറാവണം.

ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ രക്ഷപെട്ടിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവൂ. രാഷ്ട്രീയ രംഗത്ത് പ്രവര്ത്തിക്കുന്ന ചില മന്ത്രിപുത്രന്മാരുടെ കറുത്ത കൈകളും ഇതില്‍ ഇടപെട്ടിട്ടുണ്ടേന്നുള്ളതിന്‌ ഒരു സംശയവുമില്ല. നമുക്ക് ഉണരാന്‍ സമയമായി സുഹൃത്തുക്കളേ.. (ദയവായി ആരും ഇപ്പോള്‍ ഉറങ്ങരുത്)

നമുക്കെതിരായി അപവാദ പ്രചരണങ്ങളുമായി ഒട്ടനേകം കരിങ്കാലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പറയുന്നത്, കോട്ടയത്ത് എഞ്ചിനീയര്മാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യെന്നും, അതുകൊണ്ട് ഇതു വെറും അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്‌ എന്നാണ്‌.

പ്രിയ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് അടിവരയിട്ടു പറയുകയാണ്. ഇത്തരം വിവരമില്ലാത്ത പ്രസ്ഥാവനകള്‍ നടത്തുന്നവന്മാര്‍ സ്‌കൂളിന്റെ പടി പോലും കാണാത്തവന്മാരാണ്. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്‌.. എഞ്ചിനീയറിങ്ങിനെപ്പറ്റി അവന്മാര്ക്കെന്തറിയാം ?.. സുഹൃത്തുക്കളേ.. അവര്ക്കൊരു ചുക്കും അറിയില്ല. സെഷണല്‍ മാര്ക്ക് എന്നാലെന്താണെന്ന് അവര്ക്കറിയാമോ? അണ്ടര്‍ സെഷണല്‍ എന്നലെന്താണെന്ന് അവര്ക്കറിയാമോ? സപ്പ്ളിമെന്ററി എന്നലെന്താണെന്ന് അവര്ക്കറിയാമോ? ഇത്തരം വിവരദോഷികളെ നമ്മള്‍ ഒറ്റപ്പെടുത്തണം സുഹൃത്തുക്കളേ.. ഒറ്റപ്പെടുത്തണം..

പത്രങ്ങളില്‍ മറ്റു വാര്ത്തകളെപ്പറ്റി ചറുപറാ എഴുതുന്ന മാധ്യമ സിന്ഡിക്കേറ്റിന്‌ ഇതെന്തു പറ്റി? എവിടെയാണു നിങ്ങള്‍? ഉണരൂ സിന്ഡിക്കേറ്റേ ഉണരൂ.. ഈ ദുരവസ്ഥയെപ്പറ്റി നിങ്ങള്ക്ക് ഒന്നും പറയുവാനില്ലേ ?

കഴിഞ്ഞ ഏഴ് വര്ഷമായി സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പാവപ്പെട്ട വിദ്യാര്ഥികളോട് മാനേജ്മെന്റ്, വേറേ ഒരു ജോലിയും കിട്ടാതെ വന്നു സാറുമ്മാരായ ഭൂരിഭാഗം അധ്യാപകര്‍, പ്രിന്സിപ്പാളുമാര്‍ എന്നിവര്‍ നടത്തിവരുന്ന പീഢനങ്ങളേയും അവകാശ ലംഘനങ്ങളേപ്പറ്റിയും ഈ മാധ്യമങ്ങള്ക്ക് ഒന്നും പറയാനില്ലേ ?

ഇന്റേണല്‍ മാര്ക്കെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇവര്‍ ഈ യുവതീ യുവാക്കന്മാരുടെ ആത്മധൈര്യത്തേയും ആത്മവിശ്വാസത്തേയും വെട്ടിക്കൊല്ലുകയാണ്‌. ഈ നശീകരണപ്രവണതയ്ക്കെതിരായി സമൂഹ മനസാക്ഷിയെ ഉണര്ത്താനുള്ള കടപ്പാട് മാധ്യമങ്ങള്ക്കില്ലേ ?

പ്രിയ എഞ്ചിനീയര്മാരേ, കഴിഞ്ഞ കുറേ നാളുകളായി എന്നെ പാസ് ആകാന്‍ സമ്മതികാത്ത മൂരാച്ചി യൂണിവേഴ്സിറ്റിയോടും ഇന്റേണല്‍ മാര്ക്ക് തരാതെ അണ്ടര്‍ ആക്കിയ മൂരാച്ചി സാറുമ്മാരോടുള്ള എന്റെ പ്രതിഷേധം ഞാനിവിടെ അറിയിക്കുകയാണ്. കാശ് തരാമെന്നു പറഞ്ഞിട്ടും കോട്ടയത്തെ ഈ യൂണിവേഴ്‌സിറ്റി എന്നെ പാസ് ആക്കാന്‍ കൂട്ടാക്കിയില്ല. സുഹൃത്തുക്കളേ ഇത്തരം നിരാശാജനകമായ സംഭവങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുത്തുന്ന പാവം എഞ്ചിനീയര്മാരെപ്പറ്റി വിലപിക്കാന്‍ ഇവിടെ ഒരു മന്ത്രിയും ഇല്ലേ?

പ്രിയപ്പെട്ട സഖാക്കളേ, മന്ത്രിപുത്രന്മാര്ക്ക് ഇവിടെ എന്തു ആകാമെങ്കില്‍ നമുക്കും ഇവിടെ എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചു തരണമെന്ന് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്..

ഈ മരണങ്ങളുടെയെല്ലാം അന്വേഷണം സീ ബി ഐ യെ ഏല്‍പ്പിക്കണമെന്ന് ഈ ഗവണ്‍മെന്റിനോട് ഞാന്‍ ശക്തിയുക്തം ആവശ്യപ്പെടുകയാണ്. ഈ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും ഞങ്ങള്‍ തയ്യാറല്ല എന്ന് ഞാനിവിടെ ഊന്നിപ്പറയുകയാണ്.

പിന്നെ സുഹൃത്തുക്കളേ, ഒരു പ്രധാന കാര്യം പറയുവാനുണ്ട്..

"വരുന്ന ഇലക്‌ഷനില്‍ ഞാന്‍ സ്‌ഥാനാര്ഥി ആകുന്ന വിവരം എല്ലാവരേയും അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വിജയിപ്പിക്കണമെന്നു അഭ്യര്ത്ഥിക്കുന്നു."

നന്ദി. നമസ്‌കാരം.