Tuesday, November 24, 2009

0022. തോറ്റിട്ടില്ല.. തോറ്റിട്ടില്ല.. സൈബര്‍ പോലീസ് തോല്‍ക്കുകയില്ല

മനുഷ്യന്‌ സ്വസ്ഥമായിട്ട് ഒരു ഫോട്ടോ എടുത്ത് ഫോര്‍വേഡ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ സൈബര്‍ പോലീസ് കേരളത്തില്‍ ഒപ്പിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ വീടിന്റെയല്ല, വഴിയേ നടക്കുന്ന കില്ല പട്ടിയുടെ പോലും ഫോട്ടോ എടുത്ത് 'ഞെട്ടിപ്പിക്കുന്ന' ഫോര്‍വേഡ് ഇമെയിലുകള്‍ അയയ്ക്കുന്നതിന്‌ ആര്ക്കും ധൈര്യം ഇല്ല. 'ചേട്ടന്റെ വീടിന്റെ' പടം ഇമെയിലില്‍ കിട്ടിയവന്മാരെല്ലാം ആദ്യത്തെ പത്രവാര്ത്ത കണ്ടപ്പോഴേ സൈന്‍ ഔട്ട് ചെയ്ത് മെയില്‍ ബോക്സ് പൂട്ടി കുളത്തില്‍ മുങ്ങി. ഇനി ഒരുത്തനും കിണറ്റില്‍ പോലും പൊങ്ങും എന്നു തോന്നുന്നില്ല.

എന്തൊക്കെയായിരുന്നു ഇവിടെ!! ആ വീടിന്റെ പടവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലുള്ള സകല വിപരീത പദങ്ങളും ചേര്ത്താണ്‌ ഇമെയില്‍ അയച്ചുകൊണ്ടിരുന്നത്. ഒടുക്കം പവനായി ശവമായപ്പോള്‍ ശവപ്പെട്ടി എടുത്ത് കുഴിച്ചിടാന്‍ പോലും ഇവിടെ ആളില്ല.

സത്യം പറഞ്ഞാല്‍ ദേഷ്യം വന്നിട്ട് ഒരു രക്ഷയുമില്ല. എല്ലാ അവന്മാരേയും പിടിച്ച് തല്ലിക്കൊന്ന്, കടിച്ചു കീറി തുപ്പി, ചവുട്ടി അരച്ച് ആ തുപ്പലിന്റെ മോളില്‍ ചാണകം തളിക്കാനുള്ള ദേഷ്യമാണ്‌ ആ ഇമെയിലിന്റെ ഉസ്താദിനെ കണ്ടുപിടിച്ചു എന്നു കേട്ടപ്പോള്‍ തോന്നിയത്.

ബാക്കിയുള്ളവന്റെ മൊബൈല്‍ ഫോണ്‍ ആരെങ്കിലും അടിച്ചുമാറ്റികൊണ്ടു പോയതിന്‌ പരാതി കൊടുക്കാന്‍ ചെന്നാല്‍ പറയും, ഓ ഇതൊക്കെ ഞങ്ങളുടെ ആ വെബ് സൈറ്റില്‍ പരാതിയായിട്ട് പോസ്റ്റ് ചെയ്താ മതി എന്നു്‌. എന്നിട്ട് എന്തായി ? എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഒണ്ടെന്നു പറഞ്ഞിട്ടും പോയ മൊബൈല്‍ തിരിച്ചു കിട്ടാന്‍ ഒരു രക്ഷയും ഇല്ല. ആ അതു പോയി എന്ന് അങ്ങ് സമാധാനിക്കാന്‍ പറ്റുവോ? സൈബര്‍ പോലീസിന്‌ അങ്ങനെയൊക്ക പറയാം. കാശ് പോയത് നമ്മുടെ സന്തോഷേട്ടനാണല്ലോ.. !! അങ്ങേരുടെ കാര്യം പോട്ടെ, കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്ത് ബ്ളാക്കില്‍ നോക്കിയ N75 വാങ്ങിച്ച മാത്തുക്കുട്ടിയുടെ കാര്യമോ? പത്താം ക്ളാസ് പാസാവാത്തത് കൊണ്ടാണ്‌ അവന്‍ കൂലിപ്പണിക്ക് പോയത്. ഇംഗ്ളീഷില്‍ അവന്‌ 50ല്‍ 10ന്‌ മുകളില്‍ ഒരിക്കലും മാര്ക്ക് കിട്ടിയിട്ടില്ല.. പിന്നെ അവനോടൊക്കെ വെബ് സൈറ്റില്‍ കൊണ്ടോയി പരാതി ഇടാന്‍ പറഞ്ഞാല്‍ എന്തു ചെയ്യുവെന്നു പറ. ലവന്‍ വെബ് സൈറ്റ് തപ്പി തപ്പി എല്ലാ കണ്സ്‌ട്രക്‌ഷന്‍ സൈറ്റിലും സിനിമ സൈറ്റിലും പോയി ഇതാണോ സാറേ വെപ്‌സൈറ്റ് എന്നു ചോദിച്ച് നടന്നെന്നാണ്‌ കേട്ടത്.

ഇതൊക്കെ നടക്കുന്ന ഈ കേരളത്തില്‍, ഒരു ഇമെയിലിന്റെ സോഴ്സ് കണ്ടുപിടിക്കാന്‍ സൈബര്‍ ഏമാന്മാര്‌ നടത്തിയ ശുഷ്കാന്തിയെ അഭിനന്ദിക്കാതെ വയ്യ. എന്നാലും പറയാതിരിക്കാന്‍ പറ്റില്ല, ഈ ശുഷ്കാന്തിയൊന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യത്തിലില്ലല്ലോ? കോടതിയില്‍ കേസ് കൊടുത്തിട്ടാണെന്നുള്ളത് വേറെ കാര്യം. എന്നാലും, പാര്ട്ടികളുടെ മോളിലിരിക്കുന്നവന്മാര്ക്ക് വെല്ലോം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ പൊറകേ എന്തോരം വേണേലും പോവുന്നതിന്‌ ആര്ക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

അതിന്റെ ഇടയ്‌ക്കാണ്‌ ഈമെയിലില്‍ രണ്ട് എക്സ്ട്രാ വാചകങ്ങള്‍ എഴുതിയതിന്‌ രണ്ട് അവന്മാരെ പിടിച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ വാചകങ്ങള്‍ എഴുതി എന്നും പറഞ്ഞ് ആരും ഒരു കേസും കൊടുത്തിട്ടുമില്ല. ഈമെയിലില്‍ രണ്ടക്‌ഷരം കൂട്ടിചേര്ത്ത് കുറച്ച് സുഹൃത്തുക്കള്ക്ക് അയച്ചാല്‍ ഉടനെ അപകീര്ത്തിപ്പെടുത്തലായി, അറസ്റ്റായി, ജീവിതം കൊളവുമായി. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഇങ്ങനെ പോയാല്‍ പോലീസാണോ, അതോ നാട്ടുകാരാണോ പുലിവാലു പിടുക്കുന്നതെന്ന് ഉടനെ തന്നെ അറിയാം.

ഇത്രയൊക്കെ ആയിട്ടും സഖാവിന്റെ ഒറിജിനല്‍ വീടിന്റെ പടം പത്രത്തിലിട്ട് ഇതാണെന്റെ കുടിലിലെ കൊട്ടാരം എന്നു പറയാനുള്ള ചങ്കൂറ്റം ഒരു ദേശാഭിമാനി പത്രവും കാണിച്ചില്ല. അതിന്‌ ആര്ക്കും താല്പര്യവും ഇല്ല. ലാവലിന്‍ എന്ന കരിക്കട്ട കൊണ്ട് ആരോ വരച്ച പടം റൂളറിന്റെ മൂട്ടിലെ റബ്ബര്‍ കൊണ്ട് മായിച്ച് കളയാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാന്‍ പാടില്ല അല്ലിയോ?!!. (അതു പിന്നെ അങ്ങനെ തന്നെ അല്ലിയോ?)

എന്തായാലും സൈബര്‍ കുറ്റവാളികള്‍ വളരെ ഡീസന്റാണെന്നതിന്‌ വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. സാധാരണ കുറ്റവാളികളേ പോലീസ് ഇടിച്ച് ചമ്മന്തി ആക്കിയാലും അവന്മാര്‌ കുറ്റം സമ്മതിക്കാറില്ല. എന്നാല്‍, ഇവിടെ കേരളാ പോലീസ് ഒരു ഐ എസ് ഡി കോള്‍ ചെയ്തപ്പം തന്നെ നമ്മുടെ സസ്‌പെക്‌ട് കുറ്റം സമ്മതിച്ചെന്നും ഞാന്‍ കേരളത്തില്‍ വന്നു കീഴടങ്ങിക്കൊള്ളാമെന്നും പോലീസിനോട് പറഞ്ഞെന്നാണ്‌ പത്രക്കാര്‌ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. എത്ര ഡീസന്റ് കുറ്റവാളി അല്ലേ?!! ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.

ഇതു പാര്ട്ടിയെ കരിവാരിതേക്കാന്‍ എതിര്‍ പാര്ട്ടിക്കാര്‌ നടത്തുന്ന പരിപാടി ആണെന്നു പറഞ്ഞ് നേതാക്കന്മാര്‌ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ്‌ കേട്ടത്. ഇനി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കൂടെ വന്നാല്‍ എല്ലാം പൂര്ത്തിയാകും. ഇനി ഇപ്പം പതിവ് പരിപാടികളില്‍ അതും കൂടെയേ ബാക്കിയുള്ളല്ലോ.

എന്നാലും ആ പാവം ഇമെയില്‍ ഉണ്ടാക്കിയവന്റെ ഒരു കഷ്ടകാലം. അവനു തോന്നിയ ഒരു തമാശ അടക്കിപ്പിടിക്കാന്‍ കഴിയാതെ വന്നപ്പം പാവം അതൊന്നു തുറന്നു വിട്ടതാണെന്നാണു തോന്നുന്നത്. എന്തായാലും ഈ ഇമെയില്‍ വായിച്ച 28 ലക്ഷം ആളുകളേ... ഇത് ഫോര്‍വേഡ് മെയിലുകളുടെ ചരിത്രത്തിലെ ആദ്യത്തെ മലയാളി കയ്യൊപ്പായിരിക്കും എന്നതിന്‌ സംശയം ഇല്ല.

എന്നാലും കേസുകൊടുത്ത ആശാന്‍ പണ്ടത്തെ ഒരു ഇലക്ഷന്റെ സമയത്ത് വന്ന മെട്രിക്സ് സ്റ്റൈലില്‍ ഉള്ള പുള്ളിക്കാരന്റെയും ബാക്കി നേതാക്കന്മാരുടേയും പടം ഒന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ അത് ഒണ്ടാക്കിയവന്മാര്ക്ക് എതിരേയും കേസ് കൊടുത്ത് വാര്ത്തയുണ്ടാക്കിയേനെ. ചെലപ്പം ആ സമയത്ത് പുള്ളി കമ്പ്യൂട്ടറിന്‌ എതിരേ സമരം ഉണ്ടാക്കാന്‍ പോയിക്കാണുമാരുന്നിരിക്കും. അല്ലെങ്കില്‍ ഇപ്പം ശരിയാക്കി തന്നേനെ എല്ലാം. ബൈജു പറഞ്ഞ പോലെ ഇപ്പം എല്ലാര്ക്കും മന്സിലായല്ലൊ ഞങ്ങടെ ഫാര്ട്ടി കംപൂട്ടര്‍ ഒന്നും ഇവിടെ വേണ്ടെന്നു പറഞ്ഞൊണ്ടിരുന്നേന്റെ കാര്യം!! എന്തായാലും ഒരു പാവം ഇമെയില്‍ ഫോര്‍വേഡിനെതിരേ പട നയിച്ച പര്‍സിരാശയുടെ ധൈര്യത്തെ സമ്മതിക്കണം. പയങ്കരമായ ഒരു കാര്യമാണ്‌ രാസ ചെയ്തത്. രാസ ഒരു പയങ്കരന്‍ തന്നെ. രാസ കീ ജേ!! (കൂ കൂ കൂ)

ആ മെയില്‍ കൊണ്ട് തന്റെ ഇമേജ് മൊത്തം പോകും എന്നാണ്‌ ആശാന്‍ വിചാരിച്ചത്. പക്ഷേ തനിക്ക് ഇവിടെ ഒരു പിക്‌സെല്ലിന്റെ ഇമേജ് പോലും ഇല്ല എന്നുള്ളത് പുള്ളിക്ക് ഒഴിച്ച് ബാക്കി എല്ലാര്ക്കും അറിയാം. (കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നാറിയ നാഴികക്കല്ലായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു)

ഇമെയില്‍ ഫോര്‍വേഡ് വന്നു രണ്ടാം ദിവസം ഇതിന്റെ ഉറവിടം അറേബ്യന്‍ രാജ്യമാണെന്നും, ചേട്ടായി കേസ് കൊടുത്തെന്നും ആദ്യം റിപ്പോര്ട്ട് ചെയ്ത് കണ്ടത് പീപീപീപ്പീപ്പീള്സ് ചാനലിലാണ്. അപ്പം പിന്നെ, ഇതു അന്വേഷിച്ചത് കേരളാ പോലീസിന്റെ സൈബര്സെല്ലിലെ പുലിക്കുട്ടികളോ അതോ, ആസ് യൂഷ്വല്‍, തലയിലും കമ്പ്യൂട്ടറിലും നല്ല വെട്ടവും വെളിച്ചവും ഉള്ള വെല്ല പ്രൈവറ്റ് ഏജന്സിയിലെ പുലിക്കുട്ടികളോ എന്ന ഒരു സംശയം മാത്രമാണ്‌ ബാക്കി നില്ക്കുന്നത്. (നമ്മുടെ കേരള പുലിക്കുട്ടികള്‍ തന്നെ ആരിക്കും എന്നു അഭിമാനിച്ച് മിണ്ടാതെ അങ്ങ് ഇരുന്നേക്കാം അല്ലേ. അതാരിക്കും തടി കേടാകാതിരിക്കാന്‍ നല്ലത്.)

"എന്നാലും നമ്മുടെ സൈബര്‍ കുറ്റവാളിചേട്ടന്‍, എന്റെ അക്കൌണ്ട് ആരാണ്ട് ഹാക് ചെയ്ത്ത് അതിന്റെ ആത്തു കേറി മെയില്‍ അയച്ചതാ എന്നു പറഞ്ഞ് തടി ഊരാന്‍ പോലും ശ്രമിച്ചില്ലേ?? ചെലപ്പം പുള്ളീ ഒന്നു ട്രൈ ചെയ്ത് കാണും അല്ലേ!! "

എന്നാണേലും ഇപ്പം അഭയ കേസും ഇല്ല, ലാവലിനും ഇല്ല, തെരഞ്ഞെടുപ്പ് തോല്‍വി അനാലിസിസും ഇല്ല. എന്നാലും ചാനലുകാര്ക്കും, പത്രക്കാര്ക്കും വാര്ത്തയ്ക്ക് ഒരു കൊറവും ഇല്ല. (ലീഡര്‍-ജിയുടെ പൊന്നുമോന്, മോന്‍-ജി ഉള്ളപ്പോള്‍ പത്രക്കാര്ക്കാണോ വാര്ത്തയ്ക്ക് ക്ഷാമം അല്ലപിന്നെ!)

ഇത്രേം എഴുതിക്കഴിഞ്ഞപ്പോഴാണ്‌ സത്യം ​പറഞ്ഞാല്‍ ദേഷ്യം ഒന്നു അടങ്ങുന്നത്!! ഹോ!!