Sunday, July 18, 2010

0024. വാടക ഗര്ഭപാത്ര നിയമമോ? അത്രയ്കായോ? ഇന്നാ പിടിച്ചോ ചങ്ങനാശ്ശേരീന്നൊരു ഇടയലേഖനം

ഈ അച്ചന്മാരുടേയും ബിഷപ്പുമാരുടേയും ഒരു കാര്യമേ! അല്ല എങ്ങനെ പറയാതിരിക്കും?! ഇവര്ക്ക് ഇത് എന്തിന്റെകേടാ? ഞായറാഴ്‌ച വൈകുന്നേരം ഒന്നു പള്ളീപ്പോയി നോക്കിയതാ.. പതിവില്ലാതെ ഇന്നു പള്ളീ ചെന്നപ്പം പ്രസംഗം കഴിഞ്ഞിട്ടില്ല. എന്താ കാര്യം? കേന്ദ്ര സര്ക്കാര്‍ ഒരു പുതിയ നിയമം ലോകസഭയില്‍ പാസാക്കുന്നു, ക്രൈസ്തവര്‍ ഒന്നടങ്കം ഈ ബില്ലിനെ നഖശിഖാന്തം എതിര്ത്ത് ഇതു പാസാക്കാന്‍ സമ്മതിക്കരുത് - ഇതാണ്‌ പുതിയ വിഷയം.

ഈ പള്ളീലച്ചന്‍മാരുടെ രാഷ്‌ട്രീയത്തിലില്‍ ഇറങ്ങല്‍ പണ്ടേ എനിക്ക് കേള്ക്കുമ്പോള്‍ ചൊറിഞ്ഞ് വരുന്ന ഒരു സംഗതിയാണ്. (അച്ചന്മാരോടുള്ള കലിപ്പ് ഇന്നും ഇന്നലേം തൊടങ്ങിയതല്ല, പാലായിലെ കൊറേ വെളുത്ത ഉടുപ്പിട്ട് നടക്കുന്നവരുടെ കോളേജ് ഭരണത്തിലെ ഏടപെടലുകള്‍ കണ്ട് തൊടങ്ങിയ കാലം ​മൊതല്‍ കൂടെയുള്ളതാണത്. ഓഡിറ്റോറിയത്തിന്റെ പൊറകിലിരിക്കുന്നവര്ക്ക് സ്റ്റേജില്‍ പറയുന്നതും പാടുന്നതും ഒന്നും കേള്ക്കാന്‍ മേല അച്ചോ അതുകൊണ്ട് ഇവിടെ സൌണ്ട് എന്‍ജിനീയറെ കൊണ്ടുവന്നു ശരിയാക്കണം എന്നു പറഞ്ഞ എന്‍ജിനീയര്‍ കുഞ്ഞാടിനോട് ഓ അതൊന്നും വേണ്ടഡോ അതൊക്കെ പാടി പാടി ശരിയായിക്കോളും എന്നു പറഞ്ഞ കത്തനാരുടെ വര്ഗ്ഗത്തോട് എന്നാ പറയാനാ..)

ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നാണ്‌ പുതിയ ഇടയലേഖനം വന്നത്. ഇടയലേഖനത്തില്‍ പറയുന്നത് കേട്ടാല്‍ ഈ ബില്ല്‌ പാസായാല്‍ ഇവിടെ മൊത്തം പ്രളയവും അനര്ഥങ്ങളും വരും. പണ്ട് ഭൂമി ഉരുണ്ട് ബോണ്ടാ പോലെ ഇരിക്കും അച്ചോ എന്ന്‍ പറഞ്ഞ ഗലീലിയോയെ ഇടിച്ച് ഉരുട്ടി ബോണ്ടാ പരുവത്തില്‍ ആക്കിയതും ഇതുപോലത്തെ ഒരു പ്രളയം പേടിച്ചിട്ടാരുന്നോ? എന്നാണ്‌ ഇപ്പം എന്റെ സംശയം.

ചങ്ങനാശ്ശേരി അതിരൂപതയുടെ പരിഷ്കാരങ്ങള്‌ കൊണ്ട് കുഞ്ഞാടുകള്ക്ക് ഇരിക്കപ്പൊറുതിയിലാഞ്ഞിട്ടിത് നാളുകൊറേയായി. കോട്ടയം കുഞ്ഞച്ചന്‍ പറഞ്ഞതുപോലെ 'പരിഷ്‌കാരിയെന്ന് കേട്ടപ്പം ഞാന്‍ വിചാരിച്ച്.... പക്ഷേ ഇതൊരുമാതിരി... '. ആദ്യം കുര്ബാനേടെ എടയ്ക്ക് വൈദികന്‍ എങ്ങോട്ട് അഭിമുഖമായി നിക്കും എന്നതില്‌ കൊണ്ടുവന്നു ഒരു പരിഷ്‌കാരം. അതിനെ എതിര്ക്കാനുമുണ്ടായി വേറെ കൊറേ അച്ചന്മാര്‌. എന്നാണേലും അന്നു വേദപാഠം പഠിച്ചോണ്ടിരുന്ന പിള്ളാര്ക്ക് സന്തോഷമാരുന്നു. കുര്ബാനേടെ എടയ്ക്ക് എങ്ങോട്ട് നോക്കിയാലും അച്ചന്‍ കാണത്തില്ലല്ലോ എന്നു്‌. അതുപോട്ടെ.. അതൊക്കെ അച്ചന്മാരുടെ കാര്യം. പക്ഷേ പെസഹാവ്യാഴത്തിലേയും ദുഖഃവെള്ളിയിലേയും കര്മ്മങ്ങളുടെ സമയം രാവിലെ ആയിരുന്നതു മാറ്റി വൈകുന്നേരമാക്കിയപ്പോഴേയ്‌ക്കും വിശ്വാസികള്‍ മുറുമുറുത്ത് തൊടങ്ങി.. അവസാനം ലോകത്തെങ്ങും ഇല്ലാത്ത അത്രേം കടമുള്ള ദിവസങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പരിഷ്കാരം സമ്പൂര്ണ്ണമായി. ഇപ്പം എട ദിവസങ്ങളിലൊള്ള കടമുള്ള ദിവസങ്ങളില്‍ പള്ളീവരുന്ന ആള്ക്കാരുടെ എണ്ണം കാണുമ്പം കര്ത്താവിനുപോലും സങ്കടം. ആര്ക്കുവേണ്ടിയാണോ ഇതെല്ലാം?.(കര്ത്താവിതുപണ്ടേ പറഞ്ഞതാരുന്ന്.. മനുഷ്യന്‍ സാബത്തിന്` വേണ്ടി ഉള്ളതല്ലെന്ന്.. ചുമ്മാതാണോ അങ്ങേരേ ഇവന്മാരെല്ലാംകൂടെ ആണിയടിച്ച് കൊന്നത്)

പെണ്ണും പെടക്കോഴിയും ഒന്നുമില്ലാത്ത ഈ കത്തനാര്‌മാര്ക്കെന്തോന്നുവാ പ്രസവത്തിന്റെ നിയമത്തെക്കുറിച്ച് ഇത്ര വെഷമിക്കാന്‍ ങേ? ഞാന്‍ കമ്യൂണിസ്റ്റ് സഖാവൊന്നും അല്ല. പക്ഷേ കേട്ടപ്പം എനിക്കങ്ങ് ചൊറിഞ്ഞു വന്നു. വാടക ഗര്ഭപാത്രത്തിലുണ്ടാകുന്ന കൊച്ചിന്റെ യഥാര്ഥ തന്തപ്പടിയും തള്ളപ്പടിയും ആരായിരിക്കും?, കൊച്ചുങ്ങള്‍ ഇല്ലാത്ത കെട്ടിയവനോ കെട്ടിയവളോ വേറൊരുത്തന്റെയോ ഒരുത്തിയുടെയോ കൂടെ പോയിട്ട് കൊച്ചുങ്ങളേം കൊണ്ട് വന്നാല്‍ എന്നാ ചെയ്യാനൊക്കും? എന്നിങ്ങനെ പോകുന്നു ഇടയലേഖനത്തിലെ ദുര്ബലമായ പ്രതിരോധ സംശയങ്ങള്‍.

ഇതുപോലൊക്കെ ഒരു സംഗതിയെ വളച്ച് ഒടിച്ച് മടക്കി ആലോചിച്ചു തൊടങ്ങിയാല്‍ പിന്നെ എന്നാ ചെയ്യാനാ? (ഇതൊരുമാതിരി ഒരാള്‍ പുസ്തകത്തിലെഴുതിയത് ചോദ്യ പേപ്പറില്‍ ചോദ്യമായി വന്നപ്പോള്‍ അതു സെറ്റ് ചെയ്ത അദ്ധ്യാപകന്‍ മതനിന്ദ കാണിച്ചെന്നു പറഞ്ഞ് അയാളുടെ കൈ വെട്ടി പള്ളേലോട്ട് എറിയാന്‍ പോയപോലായി.) ഇത്രയ്ക്ക് വൃത്തികെട്ട രീതിയില്‍ കാര്യങ്ങളെ വളച്ചെടുക്കാനുള്ള കഴിവ് ദേശാഭിമാനിക്കും കൈരളിക്കും മാത്രമേ ഉള്ളൂ എന്നാണ്‌ ഞാനിത്രയും കാലം മനസിലാക്കി വെച്ചിരുന്നത്. ഇപ്പം അതൊക്കെ ഒന്ന് തിരുത്തിക്കിട്ടി. ഈ ബില്ലിനെ ഇത്രേം ഒടിച്ച് മടക്കി ഇങ്ങനെയൊക്കെ തിരുമേനിമാരോടു പറഞ്ഞുകൊടുക്കാന്‍ മാത്രം തല തിരിഞ്ഞുപോയ ആ ബുദ്ധിജീവിക്ക് നേര്‍വഴി കാട്ടിക്കൊടുക്കേണമേ എന്റെ മാതാവേ എന്നു പറയാനല്ലാതെ എന്നാ ചെയ്യാനൊക്കും

Assisted Reproductive Technology (ART) bill എന്ന ഈ commercial surrogacy bill കൊണ്ടുവരുന്നതു തന്നെ ഈ വാടക ഗര്ഭപാത്ര പരിപാടിയുടെയും ഈ പരിപാടിക്കുവേണ്ടി മാത്രം നടത്തുന്ന ബീജ വിതരണ ഭരിപാഡിക്കുമൊക്കെ മൊത്തത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ വേണ്ടിയാണ്‌ എന്നത് കത്തനാര്മാര്‍ അറിഞ്ഞതായിപോലും നടിക്കുന്നില്ല. ഇന്ഡ്യയില്‍ ഈ പരിപാടി ഇപ്പോള്‍ 25000 കോടി രൂഭായുടെ ഒരു ബിസിനസ് ആണെന്നാണ്‌ കണക്കുകള്‍ പറയുന്നത്. 2 ലക്ഷത്തോളം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളുള്ള ഇന്ഡ്യയില്‍ ഇതു താരതമ്യേന ചെലവു കൊറഞ്ഞ ഒരേര്പ്പാടാണ്‌. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഇതു നിയമവിരുദ്ധമാണെങ്കിലും നിയമവിധേയമായ സ്ഥലങ്ങളില്‍ 25 ലക്ഷം രൂപയോളം ചെലവു വരുന്ന ഇതിന് ‌ഇന്ഡ്യയിലോട്ട് ഔട്ട്സോഴ്സു ചെയ്ത് വരുമ്പോള്‍ വെറും 5 ലക്ഷത്തിന്‌ സാധിക്കും എന്നതുകൊണ്ട് തന്നെ ഐ. ടി. കഴിഞ്ഞാല്‍ മിക്കവാറും ഇന്ഡ്യ കൊടിപാറിക്കാന്‍ ചാന്സുള്ള ഏരിയാ ആണ്‌ ഇത്..

നമ്മുടെ പോലത്തെ മാതൃത്വത്തെ പവിത്രമായി(പറച്ചിലില്‍ എങ്കിലും) കരുതുന്ന ഒരു സ്ഥലത്ത് പോലും ഇതിനൊക്കെ നിവൃത്തികേടുകൊണ്ടോ ആക്രാന്തം കൊണ്ടോ നിന്നുകൊടുക്കാന്‍ ഇഷ്‌ടം പോലെ ആളെ കിട്ടുവേം ചെയ്യും. (രേഖയും റോമയും അഭിനയിച്ച ഈ ടോപ്പിക്ക് ഉള്ള രണ്ട് വ്യത്യസ്ഥ മലയാള സിനിമകള്‍ ഓര്മ്മയില്ലേ!!)

ഈ പുതിയ ബില്ലില്‍ പറയൂന്ന സംഗതികളാണ്‌ താഴെ കൊടുത്തിരിക്കുന്നത്. ഇതൊന്ന് വായിച്ചിട്ടെങ്കിലും ഒന്നു പറ എന്റെ കത്തനാരേ... ഇതിന്റെ പൊറകേ കൊടീം പൊക്കിപ്പിടിച്ചോണ്ട് പോണോ? എന്നാ ഒക്കെ പറഞ്ഞാലും ഒരു പെണ്ണിന്‌ പ്രസവിക്കാന്‍ ഇപ്പഴും 10 മാസം തന്നെ വേണം. അതിനു മാത്രം ഷോര്ട്ട് ടേം കോഴ്‌സ് ഒന്നും ഇല്ല.

Rent a womb: The proposed legislation


 1. Renting of womb is legal in India but there is no law at present to regulate surrogacy. If Parliament passes the Assisted Reproductive Technology (ART) Bill, renting a womb by Indian and foreign couples looking for surrogate mothers is expected to become hassle-free.


 2. The Draft Bill gives gays, singles the legal right to have surrogate babies. It defines a ‘couple’ as two persons living together and having a sexual relationship. After the Delhi High Court verdict on homosexuality, even two gay men can claim to be a couple.


 3. A woman in the age-group of 21-35 can become a surrogate mother. She will be allowed five live births, including her own children. She will not be allowed to donate oocytes more than six times in her life.


 4. In case of a single man or woman, the baby will be his/her legitimate child.


 5. A child born to an unmarried couple using a surrogate mother and with the consent of both parties shall be the legitimate child of both of them.


 6. During the gestation period, the couple will bear the surrogate’s expenses and give monetary help to her. The couple may enter into an agreement with the surrogate.


 7. Foreign couples must submit two certificates — one on their country’s surrogacy policy and the other stating that the child born to the surrogate mother will get their country’s citizenship.


 8. Foreign couples have to nominate a local guardian who will take care of the surrogate during gestation.


 9. ART banks, accredited by the government, will maintain a database of prospective surrogates as well as storing semen and eggs and details of the donor.


 10. State boards will give accreditation to ART banks — private and government. The board will have a registration authority which, in turn, will maintain a list of all In-vitro Fertilization (IVF) centers and monitor their functioning.


 11. The Law Commission of India (2009) described ART industry as a “Rs 25,000-crore pot of gold”. It recommended only altruistic surrogacy arrangements and not commercial ones. But the Draft Bill legalises commercial surrogacy as well.


ഇനി ഇപ്പം എന്നാണോ റെന്റ് എ കാര്‍ എന്ന പോലെ റെന്റ് എ വോംബ് എന്നൊരു പരസ്യം ആരേലും മലയാള മനോരമേല്‍ ഇടുന്നത്?


പാവം പള്ളീലച്ചന്‍മാരുടേയും മെത്രാന്മാരുടേയും വിചാരം അവരു പറയുന്നതുപോലെയെല്ലാം ദൈവജനം കേള്ക്കുമെന്നും അതനുസരിച്ച് പ്രവൃത്തിക്കുമെന്നും അവരു പറയുന്നവര്ക്കൊക്കെ വോട്ടു കോടുക്കുമെന്നും ആണ്. ഹിഹി ഹി (അയ്യട.. നല്ല ബെസ്റ്റ് കോമഡി. കുറുക്കന്‍ പച്ച് മുന്തിരി നോക്കിയിരുന്നതുപോലങ്ങ് ഇരുന്നാ മതി ഇപ്പ കിട്ടും. നോക്കിയിരുന്നോ ) ദൈവജന രാഷ്‌ട്രീയം സിന്ദാബാദ് എന്നല്ലാതെ വേറെ എന്നാ പറയാനാ..

എല്ലാവര്ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രവൃത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ള ഒരു മതേതരജനാധിപത്യ രാജ്യമാണ്‌ ഇന്ഡ്യ. മതവിശ്വാസം വ്യക്തിയുടെ(വ്യക്തികളുടെ) വിശ്വാസ ജീവിതത്തേ മാത്രമേ ബാധിക്കാവൂ. എന്റെ മതമാണ്‌ സത്യം എന്നും ബാക്കിയൊള്ളവന്മാരെല്ലാം എന്റെ മതം പറയുന്നതുപോലെ അതനുസരിച്ച് അതു പിന്തുടര്ന്ന് ജീവിച്ചോണം എന്ന വാദം ഉന്നയിച്ചു തുടങ്ങുന്നവരാണ്‌ ഇന്ഡ്യയുടെ യഥാര്ഥശത്രുക്കള്‍.

മതം ആദ്ധ്യാത്മ ജീവിതത്തിനും രാഷ്‌ട്രവും ജനാധിപത്യവും ഭൌതിക ജീവിതത്തില്‍ സമാധാനത്തോടും സൌകര്യത്തോടും സ്വസ്തതയോടും കൂടെ ജീവിക്കാന്‍ വേണ്ടിയും ഉള്ളതാണ്‌ എന്ന അടിസ്ഥാന കാര്യം മനസില്ലാക്കാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കപട മത നേതാക്കന്‍മാരേ (കത്തനാര്മാരേ, സന്യാസികളേ, ബാബമാരേ, മൌലവികളേ) നിങ്ങള്ക്ക് ദുരിതം... ദൈവം ഒരുക്കി വെച്ചിരിക്കുന്ന നരകം ​എന്നൊന്നുണ്ടെങ്കില്‍... അതില്‍ പ്രവേശിക്കാനുള്ള എന്ട്രന്സിലെ ആദ്യ റാങ്കുകള്‍ എല്ലാം നിങ്ങള്ക്കുള്ളതാണ്‌, നിങ്ങള്ക്കു മാത്രംഉള്ളതാണ്‌, നിങ്ങളേത്തന്നെ ഉദ്ദേശിച്ച് ഉള്ളതാണ്‌. വിശ്വാസത്തിന്റെ പേരില്‍ ജനതകളെ ഭിന്നിപ്പിക്കുന്നകാപാലികരേ, തീവ്രവാദികളേ, കപട വിശ്വാസികളേ... ഐ വിഷ് യു എ ഹാപ്പി നരകം ആഫ്റ്റര്‍ ഡെത്ത്.

4 comments:

 1. Kollam machooo... adipoli topic ayittu vere comments onnum ilallooo

  ReplyDelete
 2. athinu vaayikkan ivide njan maathram alle ulloo.. he he

  ReplyDelete
 3. The most debated topic recently/

  ReplyDelete
 4. idayalekhanam is to express churchs opinion about a social issue. it will give a guidence to church followers. the denial and acceptace of idayalekhanam is totaly depends on people

  ReplyDelete